12/12/12

പങ്കാളിത്ത പെന്‍ഷന്‍: ചോദ്യങ്ങള്‍ക്ക് ധനമന്ത്രിക്ക് മറുപടിയില്ല

പങ്കാളിത്ത പെന്‍ഷന്‍: ചോദ്യങ്ങള്‍ക്ക് ധനമന്ത്രിക്ക് മറുപടിയില്ല Posted on: 11-Dec-2012 10:59 PM തിരു: നിലവിലുള്ള പെന്‍ഷന്‍ പദ്ധതിക്കെതിരെ ധനമന്ത്രി കെ എം മാണിയുടെ നിലപാടില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പെന്‍ഷന്‍ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ലെന്നും അതുകൊണ്ടാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ ആഗോളതലത്തില്‍ അംഗീകരിച്ച പദ്ധതിയാണെന്നും അടുത്ത ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്നും മാണി അറിയിച്ചു. ജീവനക്കാര്‍ക്ക് ആശങ്കയില്ലെന്ന് പറഞ്ഞ മന്ത്രി ഇതുസംബന്ധിച്ച് പ്രതിപക്ഷാംഗങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. മികച്ചതായി സര്‍ക്കാര്‍ പറയുന്ന പദ്ധതി എന്തുകൊണ്ട് പൊലീസിലും മറ്റ് സേനാവിഭാഗങ്ങളിലും നടപ്പാക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. ജീവനക്കാരും തൊഴില്‍ തേടുന്നവരും കടുത്ത ആശങ്കയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ ഫണ്ടിന്റെ മാനേജ്മെന്റ് എങ്ങനെയാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ അടിസ്ഥാനമാക്കിയാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. ഇതിനിടെ മന്ത്രി എന്ത് ഉത്തരം പറയണമെന്ന് നിര്‍ബന്ധിക്കാന്‍ തനിക്കാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷനെ ന്യായീകരിച്ച് പി സി വിഷ്ണുനാഥ് നടത്തിയ പരാമര്‍ശങ്ങളും ബഹളത്തിനിടയാക്കി. പെന്‍ഷന്‍ ബാധ്യതയാണെന്ന സര്‍ക്കാര്‍ നിലപാട് ജനവിരുദ്ധമാണെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍