9/6/13

മാതൃഭൂമി ദിനപത്രത്തിൽ രാജൻ ചെറുക്കാട് എഴുതിയ 'പൊതുവിദ്യാഭ്യാസം പിന്‍ബെഞ്ചിലേക്ക്' എന്ന ലേഖന പരമ്പരക്കുള്ള വിയോജനക്കുറിപ്പ്


വസ്തുതകള്‍ തമസ്‌കരിക്കരുത്‌
...................................................
'പൊതുവിദ്യാഭ്യാസം പിന്‍ബെഞ്ചിലേക്ക്' എന്ന ലേഖന പരമ്പരയില്‍ വസ്തുതാപരമായ പിശകുകളും തെറ്റായ വ്യാഖ്യാനങ്ങളും ഉണ്ട്. ചിലത് ചൂണ്ടിക്കാണിക്കട്ടെ.
1.പൊതുവിദ്യാലയങ്ങളില്‍ നിലവാരമില്ല എന്ന് കാണിക്കാന്‍ 104 വിദ്യാലയങ്ങളിലെ നിലവാരം ചേര്‍ത്തത് തെറ്റിദ്ധാരണാജനകമാണ്. 2006-ല്‍ എസ്.എസ്.എല്‍.സി. റിസല്‍റ്റില്‍ ഏറ്റവും പിറകില്‍ നിന്ന വിദ്യാലയങ്ങളുടെ കണക്കുമാത്രമാണിത്. ഇതിനെ പൊതുനിലവാരമെന്ന നിലയില്‍ അവതരിപ്പിക്കരുതായിരുന്നു. ഈ വിദ്യാലയങ്ങളില്‍ പലതും പിന്നീട് കൂട്ടായ ശ്രമഫലമായി ഉയര്‍ന്ന നിലവാരത്തിലേക്ക് വന്നു എന്നതും ലേഖകന്‍ ഓര്‍ത്തില്ല.
2.ഇംഗ്ലീഷ് നിലവാരം കണക്കാക്കാന്‍ എസ്.എല്‍..പി. എന്ന പഴയ ഒരു പദ്ധതിയെ അടിസ്ഥാനമാക്കിയത് നീതിയുക്തമല്ല. ഇംഗ്ലീഷില്‍ പുതിയരീതി കൊണ്ടുവന്നതിന്റെ തുടക്കം മാത്രമായിരുന്നു എസ്.എല്‍..പി. അതാകട്ടെ ഒരുവര്‍ഷം മാത്രമേ നടന്നിട്ടുള്ളൂ. 'In the schools in which at least 50% of the programme was carried out, the children showed remarkable language ability' എന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ തന്നെ പറഞ്ഞത് കാണാതെ പോയി.
3.കേരളാ സിലബസില്‍ 20 ശതമാനം സ്‌കോര്‍ വെറുതെ നല്‍കുന്നു എന്നാണ് സി..യെക്കുറിച്ച് ലേഖകന് പറയാനുള്ളത്. എന്നാല്‍, സി.ബി.എസ്..യില്‍ രണ്ട് സെമസ്റ്ററുകളിലായി 40 ശതമാനം സ്‌കോറാണ് സി..യില്‍ നല്‍കുന്നത് എന്നത് കാണേണ്ടതില്ലേ? സ്വകാര്യ മാനേജ്‌മെന്റുകളുടെ കീഴില്‍ അതത് സ്‌കൂളിലെ അധ്യാപകര്‍ നല്‍കുന്ന ഈ സ്‌കോറുകള്‍ നീതിയുക്തമായാണ് നല്‍കുന്നത് എന്ന് ലേഖകന് ഉറപ്പുണ്ടോ?
4.കേരളത്തിലെ ഗുണനിലവാരപ്രശ്‌നം പരിഹരിക്കാനായിരുന്നു ഡി.പി..പി. ഫണ്ട് ഉപയോഗിക്കേണ്ടിയിരുന്നത് എന്ന് ലേഖകന്‍ പറയുന്നു. ഡി.പി..പി. വേണ്ടെന്ന് വെക്കാമായിരുന്നുവെന്നും കൂട്ടത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന് ഇതിലൊന്നും തീരുമാനമെടുക്കാന്‍ അവകാശമില്ല എന്നത് എന്തിന് മറച്ചുവെക്കുന്നു? പാഠപുസ്തകമാറ്റം ഡി.പി..പി. കരാറിലെ നിര്‍ബന്ധ ഘടകമായിരുന്നെങ്കില്‍ എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ അത് നടന്നില്ല? ഇതിനര്‍ഥം കരാറില്‍ ഇല്ലാതിരുന്നിട്ടുപോലും ആ പണത്തെ സംസ്ഥാനസര്‍ക്കാര്‍ അടിസ്ഥാനപരമായ ഒരു പരിഷ്‌കരണത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു എന്നല്ലേ? അത്തരമൊരു തീരുമാനത്തിലെ നിശ്ചയദാര്‍ഢ്യം കാണാതെ പോകരുത്.
5.കെ.സി.എഫ്.-07 ഉദ്ധരിച്ച്, തെറ്റുകള്‍ അപ്പപ്പോള്‍ തിരുത്തുന്നത് അഭികാമ്യമല്ലെന്ന് പറഞ്ഞിരിക്കുന്നു എന്ന് പറയുന്ന ലേഖകന്‍ എന്തുകൊണ്ട് ബാക്കിഭാഗം കൂടി ഉദ്ധരിച്ചില്ല? 'ശൈലീപരവും ഘടനാപരവും (Syntactic) രൂപിമപരവും (morphological) ലേഖനപരവുമായ തെറ്റുകളെ പരിഹരിക്കുന്നതിന് അനുയോജ്യമായ എഡിറ്റിങ് പ്രക്രിയകള്‍ ആവശ്യമാണ്' എന്നുകൂടി പറഞ്ഞത് വിട്ടു.
6.ഫ്രെയര്‍പോലും വിമര്‍ശനാത്മകബോധനം ക്ലാസില്‍ ഉപയോഗിച്ചിട്ടില്ലെന്നും ഹില്‍ഡാടാബ അതിനെതിരായി പറഞ്ഞിട്ടുണ്ടെന്നും ലേഖകന്‍ പറയുന്നു. ക്രിട്ടിക്കല്‍ പെഡഗോഗിയുടെ ക്ലാസ്‌റൂം പ്രയോഗങ്ങള്‍ ആരംഭിക്കുന്നത് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ്. അതും ഹെന്റി ഗിറോ, മൈക്കിള്‍ ആപ്പിള്‍ തുടങ്ങിയ അനവധി പേരുടെ നേതൃത്വത്തില്‍. മൈക്കിള്‍ ആപ്പിള്‍ രചിച്ച 'ഡെമോക്രാറ്റിക് സ്‌കൂള്‍സ്' എന്ന പുസ്തകം തന്നെ ക്ലാസ്‌റൂം പ്രയോഗത്തിന്റെ ഡോക്യുമെന്റേഷനാണ്. ഹില്‍ഡാ ടാബ 1969-ല്‍ ആണ് മരിച്ചത്. അതിനുശേഷം മാത്രം യാഥാര്‍ഥ്യമായ ക്രിട്ടിക്കല്‍ പെഡഗോഗിയെ കുറിച്ച് അവര്‍ പറയും എന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ! അഥവാ അവര്‍ ജീവിച്ചിരുന്നെങ്കില്‍, ജോണ്‍ ഡ്യൂയിയുടെ ആ ശിഷ്യ ക്രിട്ടിക്കല്‍ പെഡഗോഗിക്ക് നേതൃത്വം കൊടുക്കുന്ന ഒരാളായി മാറുമായിരുന്നു. കാരണം 'ചിന്ത', 'വിമര്‍ശനാത്മകചിന്ത' എന്നിവയെ ഊന്നി ജനാധിപത്യ സമൂഹനിര്‍മിതി നടത്തണമെന്നായിരുന്നു ടാബ തന്റെ പുസ്തകങ്ങളിലൂടെ പറഞ്ഞത്. ക്രിട്ടിക്കല്‍ പെഡഗോഗിക്കെതിരെ ടാബ നടത്തിയ പരാമര്‍ശം ഉദ്ധരിക്കാന്‍ ലേഖകനെ വെല്ലുവിളിക്കട്ടെ.
7.ലേഖകന്‍ കെ.സി.എഫ്.-ലേതായി ഉദ്ധരിച്ച പല കാര്യങ്ങളും കെ.സി.എഫ്.-2007- ന്റെ ഒടുവിലത്തെ കോപ്പിയില്‍ ഇല്ലാത്തതാണ്. അതിനുമുമ്പ് ചര്‍ച്ചയ്ക്കായി ഇറക്കിയ കരടില്‍ നിന്ന് ലേഖകന്‍ ഉദ്ധരിച്ച മിക്ക കാര്യങ്ങളും ചര്‍ച്ചയ്‌ക്കൊടുവില്‍ മുമ്പേതന്നെ ഒഴിവാക്കിയാണ് കെ.സി.എഫ്.-2007- ന്റെ അവസാന കോപ്പി വന്നിട്ടുള്ളത്. ഒന്നുകില്‍ അത് കാണാതെ പോയി. അല്ലെങ്കില്‍ പഴയ കോപ്പിയില്‍ നിന്ന് ഉദ്ധരിച്ചു.
8.വിമര്‍ശനം ഏകപക്ഷീയവും വാസ്തവ വിരുദ്ധവുമാകരുത്. 'ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ യുക്തിഭദ്രമായി ചിന്തിച്ച് ശാസ്ത്രീയമായി അപഗ്രഥിച്ച് കുട്ടി മനസ്സിലാക്കണമെന്നും' 'ലോകത്ത് കുട്ടികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാകണം പാഠങ്ങള്‍' എന്നും ലേഖകന്‍ പറഞ്ഞത് ഒരുപക്ഷേ, നിലവിലുള്ള പാഠ്യപദ്ധതിക്കാണ് ഏറെ യോജിക്കുക.
9.നിലവിലുള്ള കരിക്കുലം പിഴവുകള്‍ ഇല്ലാത്തതാണ് എന്ന് ഈ കുറിപ്പെഴുതുന്ന ആള്‍ക്ക് അഭിപ്രായമില്ല. എന്നാല്‍, അതില്‍ സ്വീകരിച്ചിരിക്കുന്ന പൊതുനിലപാടുകള്‍ അക്കാദമികമായി നോക്കിയാല്‍ ഏറ്റവും നവീനവും പുരോഗമനപരവുമാണ്. എന്‍.സി..ആര്‍.ടി. മാത്രമല്ല, ലേഖകനെ പോലുള്ളവര്‍ മികച്ചതെന്ന് കരുതുന്ന ഐ.സി.എസ്..യും ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ ഐ.ജി.സി.എസ്..യുമൊക്കെ പരിശോധിച്ചാല്‍ അവരും മുന്നോട്ടുവെക്കുന്നത് സമാനമായ സമീപനങ്ങളില്‍ ചിലതാണെന്നും കാണാം.
എന്നാല്‍, അത്തരം സ്‌കൂളുകള്‍ക്ക് രക്ഷിതാക്കളുടെ സമ്മര്‍ദം കാരണം ഇവ നടപ്പാക്കാനാവുന്നില്ല. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പലതിലും ഇവ നല്ല നിലയില്‍ നടപ്പാക്കുകയും ചെയ്യുന്നു.

-ഡോ. പി.വി. പുരുഷോത്തമന്‍ സീനിയര്‍ ലക്ചറര്‍, ഡയറ്റ് കാസര്‍കോട്, മായിപ്പാടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍